Showing posts with label മിഡിലീസ്റ്റ്. Show all posts
Showing posts with label മിഡിലീസ്റ്റ്. Show all posts

Thursday, May 20, 2010

നൈല്‍ നദീതീരത്ത് വിളഞ്ഞ ദൈവങ്ങള്‍


ചരിത്ര സ്രോതസ്സുകളുടെ ആധിക്യം ഇത്രമാത്രം എന്നെ ബുദ്ധിമുട്ടിച്ച ഒരു വായന ഈജിപ്തിയോളജിയിലല്ലാതെ ഇല്ല. അത്രമാത്രം ചിത്രങ്ങളും വിവരണങ്ങളും എന്നെ പൊതിഞ്ഞിരിക്കുന്നു. പുരാതന ഈജിപ്തിലെ ദേവീ ദേവന്മാരെ കുറിച്ചുള്ള ഒരു പിഡി-എഫ് ഫയല്‍ തന്നെ ഇരുനൂറ്റിയമ്പത്തിയേഴു പേജ്- പകുതിയോളം ചിതങ്ങള്‍ സഹിതം. തുറക്കുന്ന സൈറ്റുകളില്‍ വിവരണങ്ങളുടെ പ്രവാഹം. എന്റെ വിഷയമാകട്ടെ ഈജിപ്തിയോളജി അല്ല താനും. ഇസ്രായേല്‍ ചരിത്രവുമായി ബന്ധപ്പെട്ട  സമൂഹങ്ങളെ കുറിച്ചുള്ള ഒരു ധാരണയാണു ഈ സമൂഹങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ ഈ ഭാഗങ്ങളെ ഒരെത്തിനോട്ടം എന്ന രീതിയില്‍ മാത്രം കാണുക. ഈ പോസ്റ്റില്‍ ഞാന്‍ ഈജിപ്തിലെ മതങ്ങളെയും ദൈവങ്ങളെയുമാണു പരിചയപ്പെടുത്തുന്നത്.

ഈജിപ്തില്‍ ഏകദൈവവിശ്വാസം എന്നാണു രൂപപ്പെട്ടത്, ചരിത്രകാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അമേരിക്കന്‍ ഈജിപ്ത്യോളജിസ്റ്റ് ആയ James Henry Breasted, ജര്‍മന്‍ പുരാവസ്തു ഗവേഷകന്‍ Hermann Junker തുടങ്ങിയവരെപോലെയുള്ള ചിലര്‍ അഭിപ്രായപ്പെടുന്നത് ഈജിപ്ത് ഏകദൈവവിശ്വാസത്തില്‍ നിന്നും പിന്നീട് ബഹുദൈവാരാധനയിലേക്ക് പോകുകയായിരുന്നു എന്നാണു. മാത്രമല്ല നിച്ചെര്‍ (netcher), എന്ന പൊതു ദൈവ പദം ജ്ഞാനം അഥവാ ബ്രഹ്മം എന്ന അര്‍ത്ഥവുമുള്‍കൊള്ളുന്നു. പക്ഷെ ഏകദൈവ വിശ്വാസത്തിനു പല്പ്പോഴും ചരിത്രശേഷിപ്പുകള്‍ കുറവായിരിക്കും. പതിനെട്ടാം രാജകുടുമ്പത്തിലെ ഫരോവ അക്കെനാട്ടെന്‍ ബഹുദൈവാരാധനകള്‍ ഇല്ലാതാക്കുകയും അറ്റന്‍ എന്ന ഏകദൈവത്തില്‍ മാത്രം വിശ്വസിക്കുകയും ചെയ്തിരുന്നു.
കൂടാതെ വ്യത്യസ്ത സ്വതന്ത്ര ദൈവങ്ങള്‍ എന്നതിലുപരി പലദൈവങ്ങള്‍ കൂടിയ ഒരു ദൈവം എന്ന ദൈവ സങ്കല്പവും ഈജിപ്തിലുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്.

ഈജിപ്തിലെ ദൈവങ്ങളധികവും പ്രകൃതിവസ്തുക്കളാണു, ഫറോവയടക്കം. എന്നാല്‍ അഭൗതിക വസ്തുക്കളിലും അവര്‍ വിശ്വസിച്ചിരുന്നു എന്നതിന്ന് ചില തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
BCE 13 നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ലീഡന്‍ ചുരുളുകളില്‍ (ഇന്നത് ഡച്ച് മ്യൂസിയത്തിലുണ്ട്) ദൈവത്തെ വര്‍ണ്ണിക്കുന്നതിങ്ങനെ-
അവനെല്ലാ ദേവന്മാരില്‍ നിന്നും പരോക്ഷന്‍ ,പ്രകേതമാകട്ടെ അറിവില്ലാത്തതും
ആകാശങ്ങളേക്കാളത്യുന്നതന്‍, ആഴിയേക്കാള്‍ അഗാതവും.

ഏകദൈവ വിശ്വാസത്തെ കുറിച്ച് ഇങ്ങിനെയുള്ള ചില ചുരുളുകളില്‍ നിന്നേ കണ്ടെത്താനാകൂ എന്നതാണു ഏത് കാലം മുതലാണു ഏകദൈവവിശ്വാസം രൂപപ്പെട്ടത് എന്നതിനെ പഠിക്കാന്‍ കഴിയാത്തതിന്റെ പ്രധാന തടസ്സമായി പുരാതന ഗവേഷകര്‍ മനസ്സിലാക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഈജിപ്ത് അറിയപ്പെടുന്നത് അതിന്റെ ബഹുദൈവബാഹുല്യം കൊണ്ടാണു. എന്തിനെയെല്ലാം അവര്‍ ആരാധിച്ചിരുന്നു എന്നതിനേക്കാള്‍ എളുപ്പം എന്തിനെ അവര്‍ ആരാധിച്ചിട്ടില്ല എന്നു പറയുകയായിരിക്കും.
ആയിരത്തിയഞ്ഞൂറോളം ദേവീ ദേവന്മാരുടെ പേരുകളും ചിത്രങ്ങളുമുള്ള ഈജിപ്ത് ദൈവങ്ങളില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും മിശ്രജീവികളുമെല്ലാമുണ്ട്.
ഏതാണു ഈജിപ്തിലെ ഏറ്റവും വലിയ ദൈവം ഉത്തരം ഒറ്റവാക്കിലൊതുങ്ങില്ല. കാരണം കൃസ്താബ്ദം നാലായിരത്തഞ്ഞൂറു വര്‍ഷങ്ങളില്‍ മാറിമറഞ്ഞവര്‍ നിരവധി- എങ്കിലും സൂര്യനെ നമുക്ക് മുന്നില്‍ പ്രതിഷ്ഠിക്കാം സൂര്യനില്‍(Atum) നിന്നും വായുവും(Shu) നീരാവിയും(Tefnut)-വായുവില്‍ നിന്നു ഭൂമി(Geb), നീരാവിയില്‍ നിന്നു ആകാശം(Nut). ഇങ്ങിനെ പോകുന്ന ഒരു ദേവ-ശൃംഖലയുണ്ട്.

റെ എന്ന ദൈവവും സൂര്യദൈവമാണു. തലയില്‍ ഒരു സൂര്യന്റെ അടയാളമാണു ഇതിന്റെ ചിത്രങ്ങളിലുള്ളത്, പല കാലങ്ങളിലും റെ- എന്നതിനോട് ചേര്‍ത്ത് പല പേരുകളിലും ഇതിനെ ആരാധിച്ചു പോന്നു.

ഈജിപ്തിലെ ദൈവങ്ങളുടെ ഒരു പ്രത്യേകത അത് വളരെ വിശദീകരിക്കപ്പെട്ടതാണെന്നാണു, ചിത്രാക്ഷരങ്ങള്‍ അഥവാ hieroglyphs ഓരോന്നിനെയും വേര്‍തിരിച്ചിരിക്കുന്നു, അവയുടെ കാലഘട്ടമെല്ലാം ഇങ്ങിനെ വേര്‍ത്തിരിക്കപ്പെട്ടിരിക്കുന്നു.

എങ്കിലും ദൈവങ്ങളുടെ അധികാരമെന്ത് എന്നതില്‍ പലപ്പോഴും ഇവ കുഴക്കുന്നുണ്ട്. എങ്കിലും സൂര്യദേവനാണു കൂടുതല്‍ കാലം ഏറ്റവും കരുത്തനായി ആരാധിക്കപെട്ടിരുന്നത്.

മാത്രമല്ല, ഫറോവമാര്‍ ദൈവങ്ങളോ ദൈവ പ്രതിനിധികലോ ആയിരുന്നു. മിക്ക ചുവര്‍ ചിത്രങ്ങളിലും ദൈവവും രാജാക്കന്മാരും കൂടെയിരിക്കുന്നതായും ഭക്ഷണം കഴിക്കുന്നതുമായെല്ലാം കാണാം. രാജാവിനെ അനുസരിക്കുക എന്നത് ദൈവത്തെ അനുസരിക്കുന്നതിന്നു സമമാക്കുവാന്‍ ഇതുകൊണ്ട് കഴിഞ്ഞു. ജീവിച്ച രാജാക്കന്മാര്‍ മാത്രമല്ല മരിച്ച രാജാക്കന്മാരും ആരാധിക്കപ്പെട്ടിരുന്നു.

ഈജിപ്ത് ആദ്യം ക്രൈസ്തവ റോമും പിന്നീട് ഇസ്ലാമും കീഴടക്കുന്നത് വരെ ഇവരെല്ലാം ദൈവങ്ങളായി നിലനിന്നു. റോമക്കാരാണു ഭരണപരമായി ഈ ദേവാലയങ്ങളെല്ലാം അടച്ചു പൂട്ടിച്ചത്.
പ്രമുഖ ദൈവങ്ങള്‍ക്കു പുറമെ പല പ്രേതാത്മാക്കളെയും ഈജിപ്തുകാര്‍ ആരാധിച്ചിരുന്നു. മിശ്രരൂപത്തിലുള്ള ചിത്രങ്ങള്‍ ഇവയിലുള്‍പ്പെടുന്നവയാണു.
ഏകദേശം BC 3000 ത്തോടെയാണു അമ്പലങ്ങളിലെ ആരാധനാ സമ്പ്രദായം തുടങ്ങിയതെന്നു കരുതുന്നു. സ്വാഭാവികമായും അമ്പലങ്ങളോടനുബന്ധിച്ച് ഒരു സമൂഹവും ആചാരങ്ങളും രൂപപ്പെട്ടു. അമ്പല ചുമരുകള്‍ ചിത്രാലംകൃതമായിരുന്നു. പിന്നീട് ഉത്സവങ്ങളും രൂപപ്പെട്ടു.
ഈജിപ്തിലെ വിവിധകാലങ്ങളില്‍ വിവിധ ദൈവങ്ങളായിരുന്നതിനാല്‍ തന്നെയും ഒരേ ദൈവത്തിനു വൈവിധ്യമാര്‍ന്ന രൂപങ്ങളുള്ളതിനാലും പല ചിത്രങ്ങളിലും ഇവ കാണപ്പെടും. ചില ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍ കൊടുക്കുന്നതാണു.
ഈജിപ്ത് ദൈവങ്ങളിലെ ഏറ്റവും പഴക്കം ചെന്നതാനു ഹോറസ്- ഫാല്‍ക്കന്‍ അഥവാ ഹൊറു എന്ന പദത്തില്‍ നിന്നാണു ഹോറസ്- ഈജിപ്തിലെ രാജക്കന്മാരുടെ പേരുകള്‍ അഞ്ചു നാമങ്ങള്‍ ഉള്‍കൊള്ളുന്നതാണ്, അതിലെ ആദ്യത്തെത് ഹോറസിന്റെതായിരിക്കും. വിവിധയിനം ഹൊറസുകളുടെ ചിത്രങ്ങളുണ്ട്.



4000 BC പഴക്കമുള്ള ഒരു വിഗ്രഹം-
ബെര്‍ലിനിലെ ഈജിപ്ത്യന്‍
മ്യൂസിയത്തില്‍ നിന്നും
ചില ദൈവങ്ങളാകട്ടെ ഒന്നായി ഒരിക്കലുമുണ്ടാകില്ല. രണ്ട്, മൂന്ന്, അഞ്ച്, ആറ് തുടങ്ങിയ ഒരേ രൂപവും പിന്നെ കൂട്ടായുമെല്ലാം മാത്രം പ്രത്യക്ഷമാവുന്ന ചിത്രങ്ങളുണ്ട്. സമയവും ദൈവങ്ങലില്‍ പെടുന്നു, മണിക്കൂറുകള്‍, രാത്രി എല്ലാം ആരാധനാ ബിമ്പങ്ങളായി ഈജിപ്തില്‍. പന്ത്രണ്ട് മണിക്കൂറിനെയും ഓരോ ദൈവത്തെ ഏല്പ്പിച്ചു കളഞ്ഞു ഈജിപ്തുകാര്‍. ഇത് പക്ലിലെ പന്ത്രണ്ടും രാത്രിയെ മറ്റൊരു ദൈവവും എന്ന നിലയിലായിരുന്നു. മനുഷ്യരൂപമുള്ള ദൈവങ്ങള്‍-ദേവനും ദേവികളും, സസ്തനികള്‍, മൃഗങ്ങള്‍,ഉരഗങ്ങള്‍, മിശ്രരൂപമുള്ളവ തുടങ്ങി പല രൂപത്തിലുള്ള ദൈവങ്ങളെ കൊണ്ടും ആകെ നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രമാണ് ദൈവങ്ങളെ തൊട്ടാല്‍ പുരാതന്‍ ഈജിപ്ത് നമുക്ക് തരിക. അവയില്‍ ചിലവയെ നമുക്ക് അടുത്ത് പോസ്റ്റില്‍ പരിചയപ്പെടാം

Sunday, May 9, 2010

മൊസപ്പൊട്ടാമിയ- ബാബിലോണിയ

അബ്രഹാമിന്റെ ജീവിതം ജൂതചരിത്രപ്രകാരം 1812 BCE - 1637 BCE എന്നും Archbishop James Ussher അഭിപ്രായപ്പെടുന്നതനുസരിച്ച് 1976 BCE- 1801 BCE എന്നും കരുതപ്പെറ്റുന്നു. മെസൊപൊട്ടോമിയന്‍ പ്രദേശങ്ങളിലും ഇന്നത്തെ സൗദിഅറേബിയയിലുമായാണു അദ്ദേഹത്തിന്റെ ജീവിത കാലം കടന്നു പോകുന്നത്. ഖുര്‍‌ആനും ബൈബിളും അദ്ദേഹത്തിന്റെ പിതാവ് ഒരു വിഗ്രഹാരാധകനാണെന്നു രേഖപ്പെടുത്തുന്നു.

ഖുര്‍‌ആനിലെ ചരിത്രം നമ്രൂദ് എന്ന രാജാവുമായുള്ള അദ്ദേഹത്തിന്റെ വാക്ക് തര്‍ക്കങ്ങളെ കുറിച്ച് രേഖപ്പെടുത്തുന്നുണ്ട്. ബൈബിളിലാകട്ടെ നമ്രൂദ് കടന്നു വരുന്നത് അബ്രഹാമിന്റെ എട്ട് തലമുറകള്‍ക്ക് മുമ്പാണ്. അതില്‍ നമ്രൂദിനെ വിശേഷിപ്പിക്കുന്നത് ഇങ്ങിനെ-

8. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന്‍ ഭൂമിയില്‍ ആദ്യവീരനായിരുന്നു. 9. അവന്‍ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടുയഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരന്‍ എന്നു പഴഞ്ചൊല്ലായി. 10. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാര്‍ദേശത്തു ബാബേല്‍, ഏരെക്, അക്കാദ്, കല്‍നേ എന്നിവ ആയിരുന്നു.

ഇതില്‍ നിന്നും നമുക്കനുമാനിക്കുന്ന ചരിത്രം നമ്രൂദ് എന്നത് നോഹയുടെ രണ്ടാം തലമുറയില്‍ നിന്നു തുടങ്ങിയ ഒരു രാജവംശം എന്നതാകാമെന്നാണു.

ജൂതരുടെ മിദ്രാഷ് റബ എന്ന ഏടിലും ഖുര്‍‌ആനു സമാനമായ ഒരു പരാമര്‍ശമുണ്ട്.

ഏറ്റവും പുരാതന സംസ്കാരമായ മെസപ്പൊട്ടോമിയന്‍ ഭാഗങ്ങളിലുള്‍കൊള്ളുന്ന താണു ബാബിലോണിയന്‍ പ്രദേശങ്ങള്‍. മെസൊപ്പൊട്ടൊമിയ എന്ന വാക്കിന്നര്‍ത്ഥം നദികള്‍ക്കിടയില്‍ എന്നാണു. യൂഫ്രട്ടീസ് ടൈഗ്രീസ് നദികള്‍ക്കിടയിലെ സമ്പുഷ്ടഭൂമിയാണിത്. യൂഫ്രട്ടീസ് നദി തുര്‍ക്കിയിലെ ടോറസ് മലകളില്‍ നിന്നും പുറപ്പെട്ടു സിറിയ വഴി ഇറാക്കില്‍ ടൈഗ്രീസുമായി ചേരുന്നു.
ടൈഗ്രീസ് ആകട്ടെ തുര്‍ക്കിയിലെ തന്നെ അനതോലിയയില്‍ നിന്നും പുറപ്പെട്ട് സിറിയ വഴി ഇറാക്കിലെ മറ്റൊരു വഴിയിലൂടെ യൂഫ്രട്ടീസുമായി സന്ധിക്കുന്നു. ഈ നദികള്‍ അതിന്റെ തീരപ്രദേശങ്ങളെ കാര്‍ഷികയോഗ്യമാക്കിയതില്‍ പ്രധാന പങ്കു വഹിക്കുന്നു. സുമേരിയന്‍ (3500 BCE- 2000 BCE), ബാബിലോണിയന്‍ (18th century BCE- 539 BCE) അസ്സീരിയന്‍ (1350 BCE- 612 BCE) സംസ്‌കാരങ്ങള്‍ ഈ നദികളുടെ സംഭാവനകളാണു.


യൂഫ്രട്ടീസ് നദിയുടെ യാത്ര

ബാബിലോണ്‍ എന്നത് ഗ്രീക്കും ബാബല്‍ എന്നത് ഹിബ്രുവുമാണു.ഇന്ന് ഇറാക്കിലെ ബഗ്ദാദില്‍ നിന്നും തൊണ്ണൂറ് കിലോമീറ്റര്‍ തെക്കായാണു ബാബിലോണിന്റെ ആസ്ഥാനം. ബൈബിളിലെ ബാബെലില്‍ നിര്‍മിച്ച ഗോപുരം എന്ന പേരിലാണു ഈ സ്ഥലം വിളിക്കപ്പെടുന്നത്. പുരാതന ബാബിലോണിയയുടെ ചരിത്രത്തിനു 3000 BC പഴക്കമുണ്ട്. നമ്മുടെ വിഷയവുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും ബാബിലോണിയക്കാര്‍ പിന്നീട് കാനന്‍ പ്രദേശങ്ങള്‍ കീഴടക്കുന്നുണ്ട്, അതിനാല്‍ അവരുടെ സംസ്കാരവും ജീവിത രീതികളും മനസ്സിലാക്കുന്നത് നല്ലതായിരിക്കും.



ബാബിലോണിയയിലെ സിംഹപ്രതിമ

നായാട്ടു വീരനായ നമ്രോദ് യഹോവക്കെതിരെ ഗോപുരം പണിയുന്ന ഒരു കഥ ബൈബിളില്‍ നാം വായിക്കുന്നുണ്ട്. ദൈവകല്പനകളെ വെല്ലുവിളിക്കുന്ന ഒരു നമ്രോദിന്റെ ആദ്യ ചിത്ര്മായി നമുക്കതിനെ ഗണിക്കാവുന്നതാണു. ചരിത്രത്തില്‍ നിന്നുമെടുക്കുന്ന നമ്രോദിനാകട്ടെ ഇങ്ങിനെ ചില ഗുണവിശേഷനങ്ങളുണ്ടെന്ന് കാണുമ്പോള്‍ പ്രത്യേകിച്ചും.

പുരാതന ബാബിലോണിയന്‍ ചരിത്രത്തില്‍ പക്ഷേ, നിമ്രോദ് കടന്നു വരുന്നത് ഒരു പട്ടണമെന്ന പേരിലും ഒരു ദൈവമെന്ന പേരിലുമായാണു. ഇത് രണ്ടും യോജിക്കാവുന്ന മേഖലയുണ്ട്, നംറൂദിന്റെ ഭരണകേന്ദ്രമെന്ന നിലക്ക്, അത് ആദ്യ നമ്രൂദ് എന്ന രീതിയിലാകനമെന്നില്ല അല്ലെങ്കില്‍ നമ്രൂദ് കീഴടക്കിയ പട്ടണമെന്ന നിലയിലെല്ലാം ആ പേരു വരാവുന്നതെയുള്ളൂ.

ഖുര്‍‌ആനിലെ നമ്രോദ് താന്‍ ദൈവമാണെന്ന് വാദിക്കുന്നുണ്ട്, ബഹുദൈവ വിശ്വാസത്തിന്റെ ഒരു പ്രത്യേകത കുറേ ദൈവങ്ങളെ അതിനുള്‍കൊള്ളാന്‍ കഴിയും എന്നതാണു, അതിനാല്‍ തന്നെ താന്‍ ഒരു ദൈവമായിരിക്കെ തന്നെ മറ്റു ദൈവങ്ങളെ അം‌ഗീകരിക്കാനും നമ്രൂദിന് പ്രയാസമുണ്ടാകേണ്ട കാര്യമില്ല.

മുകളിലെ കണ്ണ് നംറൂദിന്റെതാണു,
പിതാദൈവം എന്നാണെന്നാണ് ഗണിക്കുന്നത്.

ബാബിലോണിയന്‍ പുരാതനബഹുദൈവമതങ്ങളില്‍ നിമ്രോദിനെ ഒരു ദൈവമായി കാണാം. അതിലെ പിതാ ദൈവത്തിന്റെ സ്ഥാനത്ത് നിമ്രോദ് എന്ന പേര്‍ ചിലര്‍ ഉപയോഗിച്ചിട്ടിണ്ട്. സ്വഭാവികമായും രാജാക്കന്മാരെ തലമുറകള്‍ മഹത് വല്‍ക്കരിക്കുകയും പിന്നീട് ദൈവങ്ങളാക്കി ആരാധിക്കുകയും ചെയ്യുന്ന രീതി മിക്ക ബഹുദൈവാരാധനാ സമ്പ്രദായങ്ങളിലും കാണാവുന്നതാണു.
ഭാരതീയ ദൈവ സങ്കല്പനങ്ങളെ കുറിച്ച് ചെറിയ ധാരണയുള്ള ആരോടും കൂടുതല്‍ വിശദീകരിക്കേണ്ടി വരുന്നില്ല.

ബാബിലോണിയയില്‍ പല ദൈവങ്ങളുണ്ടെങ്കിലും അവയുടെ പേരെന്തായിരുന്നു എന്നതിന്‍ തര്‍ക്കങ്ങളുണ്ട്.
George Floyd Taylor- ന്റെ അഭിപ്രായത്തില്‍ ബാബിലോണിയന്‍ ദൈവം ബാല്‍ എന്നത് ബാബിലോണിയ എന്ന പദത്തില്‍നിന്നു ഉരിത്തിരിഞ്ഞതാണു. ബാബെല്‍ രാഷ്ട്രത്തിന്റെ ഉപജ്ഞാതാവ് ബിലു നിപ്രു അഥവാ ബാബെല്‍ നിമ്രോദ് എന്ന പേരില്‍ ആരാധിക്കപ്പെട്ടു.

മാത്രമല്ല, ബാല്‍ എന്ന പിതാദൈവമാണു പിന്നീട് ഗ്രീക്ക്, റോമന്‍ സമാന ദൈവങ്ങളായ തോര്‍,ജൂപിറ്റര്‍, ഓഡിന്‍ എന്നിവയുടെയെല്ലാം തുടക്കമെന്നു കരുതുന്നു. ചരിത്രവുമായി നിമ്രൂദ് ബന്ധപ്പെടുന്നതിവിടെയാണു. ബഹുദൈവവിശ്വാസങ്ങളിലെ ദൈവസങ്കല്പനങ്ങളിലെ സമാനതകള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് ഈ ബാബിലോണിയന്‍ നമ്രൂദിനെ മാറ്റി നിര്‍ത്താനാവില്ല.

നമ്രൂദിനെ കുറിച്ചുള്ള കുറേ കഥകളുണ്ട്, അതിലൊന്നിങ്ങിനെ-

രാജാവായ നിമ്രോദ് മരണപ്പെട്ടു, എന്നാല്‍ രാജ്ഞിയായ സെമിആര്‍മിന്‍ ആ വിവരം മറച്ചു വക്കുകയും നമ്രോദ് കഷണങ്ങളായി ആകാശത്തിലേക്കുയര്‍ന്നു സൂര്യദൈവമായി മുകളിലേക്ക് ഉയര്‍ത്തെഴുനേറ്റു എന്നു പ്രചരിപ്പിക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ഭൂമിയിലെ സാന്നിദ്ധ്യമായി തീയെ പ്രചരിപ്പിക്കുകയും ചെയ്തു. ഗര്‍ഭിണിയായിരുന്ന അവര്‍ തന്റെ കുഞ്ഞു ദൈവം പുനരവതരിച്ച സൂര്യ ദൈവമാണെന്നും അവകാശപ്പെട്ടു. കുഞ്ഞിന്റെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങളൂണ്ട്, എങ്കിലും താമുസ്സ് എന്ന പേരിലാണറിയപ്പെട്ടത് എന്നാണു കൂടുതല്‍ പേര്‍ കരുതുന്നത്. എങ്ങിനെയായാലും നമ്രൂദ് ലോകത്തിനു മുഴുവന്‍ പ്രകാശം നല്‍കുന്ന ദൈവമായി ആരാധിക്കപ്പെടുന്നു.

ബാബിലോണിയ ഇന്നത്തെ ഇറാക്കിലാണു . മെസൊപ്പൊട്ടോമിയയില്‍ പെട്ട ഈ ഭാഗങ്ങള്‍ ഒരു സൈനിക ശക്തിയായി ഉയര്‍ന്നു വന്നിരുന്നു.

ഈ ബാബിലോണിയയില്‍ നിന്നാണ് അബ്രഹാം പലസ്തീനിലേക്ക് അഥവാ കാനോനിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത് (ശാം അഥവാ സിറിയയിലെന്നാണു ഹദീസ് ഭാഷ്യം‌ -കാനാന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന ഭാഗം തന്നെയാണു സിറിയ. ) . അതിന്നിടയില്‍ ഈജിപ്തിലൂടെയാണു അബ്രഹാം യാത്ര ചെയ്യുന്നത്, അവിടെയും ഒരു രാജാവിന്റെ സാന്നിധ്യമുണ്ട്, ചരിത്രം അന്നത്തെ ഈജിപ്തിലെ രാജവംശത്തെ കുറിച്ച് എന്തു വിവരം നല്‍കുന്നു.

അപ്പോള്‍ നമുക്ക് ഈജിപ്തിന്റെ ചരിത്ര പശ്ചാത്തലം നോക്കാം.

Tuesday, May 4, 2010

വാഗ്ദത്ത ഭൂമിയുടെ വേരുകള്‍ തേടി

കേരള ചരിത്രത്തിലെ ചില ഭാഗങ്ങളെഴുതിയപ്പോള്‍ തന്നെ ഇങ്ങിനെ ഒരു ബ്ലോഗിനെ കുറിച്ച് ആലോചിച്ചിരുന്നു. പക്ഷെ, കൂടുതല്‍ എഴുതുവാനാവശ്യമായ സ്രോതസ്സുകളുടെ അഭാവമാണു പിന്നീടേക്ക് മാറ്റി വച്ചത്, അപ്പോള്‍ പുതിയ മതതാരതമ്യ പഠനം എത്തിച്ച്ത് ആശയസംഘട്ടനങ്ങളില്‍ നിന്നു മാറി രക്തചൊരിച്ചിലിലേക്കെത്തിയ കുരിശുയുദ്ധത്തിന്റെ കാലങ്ങളിലേക്ക്. സംഭവങ്ങള്‍ ഒന്നും പെട്ടെന്നുണ്ടാകുന്നതല്ല, തുടര്‍ച്ചകളാണു. അതിനാല്‍ കുരിശുയുദ്ധത്തിന്റെയും തുടര്‍ച്ചകളിലേക്ക് ചികയേണ്ടി വന്നു, അപ്പോഴെല്ലാം വായന് ആരൊടെങ്കിലും പങ്കുവക്കാന്‍ പുതിയ അറിവുകളുമായി പിറകെ വരുന്നു, എന്റെ കയ്യിലുള്ളത് നല്‍കിയാലെ പുതിയവ എനിക്കും കിട്ടൂ. അതിനാല്‍ കാലമാവശ്യപ്പെടുന്ന ഒരു വായന തന്നെയാകട്ടെ എന്നു കരുതി.

വര്‍ത്തമാനം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതും ഉറ്റുനോക്കുന്നതുമായ പശ്ചിമേഷ്യന്‍ പ്രശനം തന്നെ ചരിത്രത്തിന്റെ കണ്ണിലൂടെ നോക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. അതില്‍ ഉള്‍പെട്ട വിശ്വാസങ്ങളും കടന്നു വരും. അപ്പോഴെല്ലാം ഒരു കാഴ്ച്ചക്കാരന്റെ ഭാഗം മാത്രമാണ് ഞാന്‍ സ്വീകരിക്കുക. കാരണം മതത്തെ ഒഴിവാക്കി പലസ്തീന്‍ ഇസ്രായേല്‍ പ്രശ്നം ചര്‍ച്ച ചെയ്യുക അസാധ്യമാകും. മതം ഈ പ്രശനത്തില്‍ അത്ര സ്വാധീനം ചെലുത്തുന്നു എന്നതുതന്നെ കാരണം.

ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ചില പോസ്റ്റുകള്‍ മാത്രമിറക്കി അനുകൂലമായും പ്രതികൂലമായും ചില കമെന്റുകളിടുന്നതിനേക്കാള്‍ അതിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നത് നല്ലതായിരിക്കും. ചരിത്രത്തിന്റെ ദൗത്യവുമതു തന്നെ. അറിയുക എന്നത് മാത്രം.

ശാസ്ത്രമെത്ര വളര്‍ന്നു എന്നവകാശപ്പെട്ടാലും, ഏറ്റവും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന അമേരിക്കയിലെ ഭരണകര്‍ത്താക്കളില്‍ പോലും ഒരു വലിയ വിഭാഗം ഇന്നും മിഡില്‍ ഈസ്റ്റില്‍ നിന്നാണു അടുത്ത ലോകയുദ്ധത്തിന്റെ ആരംഭമെന്നു പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ തന്നെ അടിത്തറ ചില പ്രവചനങ്ങളും. അപ്പോള്‍ ചരിത്രത്തെ നിയന്ത്രിക്കുന്ന ചില വിശ്വാസങ്ങള്‍ ചര്‍ച്ചയില്‍ വരുന്നത് ആരുടെ വിശ്വാസമാണു ശരി, തെറ്റ് എന്ന് പറയാനല്ല. മറിച്ച് ചരിത്രത്തെ സ്വാധീനിച്ച വിശ്വാസമെന്ത് എന്ന് ചൂണ്ടീക്കാണിക്കാന്‍ മാത്രമായിരിക്കും.

നിലവിലെ പശ്ചിമേഷ്യന്‍ പ്രശ്നം പലരും ധരിക്കുന്നത് പോലെ 1948 ലെ ഇസ്രായേല്‍ രാഷ്ട്രപ്രഖ്യാപനത്തോടെ തുടങ്ങുന്ന ഒന്നാണെങ്കിലും ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സങ്കല്പവുമായി ചുറ്റിക്കിടക്കുന്ന ഒരഴിയാകുരുക്കുണ്ട്. ആ സങ്കല്‍‌പമാകട്ടെ തികച്ചും മതപരവും.

കേവലം ബൈബിളില്‍ മാത്രമല്ല ഈ പ്രശ്നമുള്ളത്, ബൈബിളിലും തോറയിലും ഹദീസുകളിലും ഇസ്രായേല്‍ പ്രശ്നമുണ്ട്. അപ്പോള്‍ ചരിത്രത്തോടൊപ്പം വിശ്വാസങ്ങളെയും പരിചയപ്പെടുത്തേണ്ടിവരും. എങ്കിലേ നമുക്ക് ആ സംഭവങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയൂ എന്നതിനാലാണത്. ഒരു വലിയ സമൂഹത്തെ നിയന്ത്രിക്കുന്ന വിശ്വാസം, അത് തെറ്റാവട്ടെ ശരിയാകട്ടെ ചരിത്രത്തില്‍ പലപ്പോഴും അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിച്ച ചാലകങ്ങളാണു. അവ മാറ്റിനിര്‍‌ത്തി ചരിത്രത്തെ അടര്‍ത്തിയെടുത്താല്‍ ഒരിഷ്ടിക ബാക്കിയായി നില്‍ക്കുക തന്നെ ചെയ്യും.

പലസ്തീന്‍ ഇസ്രായേല്‍ പ്രശനം ചരിത്രത്തിന്റെ മാത്രം കാര്യമല്ല. ബൈബിളനുസരിച്ചും ഹദീസുകളനുസരിച്ചും ലോകാവസാനത്തിന്റെ കൂടി കഥയാണു. ചരിത്രവും വര്‍ത്തമാനവും ഭൂതവും ചേര്‍ന്ന ഒരു കാര്യം തന്നെ ഒരു ചരിത്രകാഴ്ച്ചക്ക് തിരഞ്ഞെടുക്കുമ്പോള്‍ അത് ചിലപ്പോള്‍ നമ്മുടെ ഭൂതക്കണ്ണാടിയുമായേക്കാം. ഭൂതത്തിലേക്കുള്ള കണ്ണാടി. എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിക്ക് അതില്‍ പ്രത്യേക താത്പര്യമുണ്ടാകേണ്ടെതില്ല എങ്കിലും.
പലസ്തീന്‍ ആരുടെ അരികില്‍ തെറ്റ്, ശരി എന്നതല്ല ഈ പോസ്റ്റുകളില്‍ നിന്നു പ്രതീക്ഷിക്കേണ്ടത്. അത് നിങ്ങളുടെ സൗകര്യം. പക്ഷെ എന്തു നടന്നു എന്നു പറയുക മാത്രമാണു ഇവിടെ ഞാന്‍ ചെയ്യുകയുള്ളൂ. അതിന്റെ കാരണങ്ങള്‍ എനീക്ക് കിട്ടിയ സ്രോതസ്സുകളില്‍ നിന്നും നോക്കി കാണുക മാത്രം ചെയ്യും. അത് നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ അതെന്റെ കുറ്റമല്ല. എല്ലാം ശുഭകാര്യങ്ങളായിരുന്നു എന്ന് ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് പറയുക വയ്യല്ലോ?

അതേപോലെ വിശ്വാസങ്ങളും മതഗ്രന്ഥങ്ങളും ഇവിടെ ഉപയോഗിക്കുക ഒരു സംഭവത്തെ ചരിത്രപരമായി അതെങ്ങിനെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കാനായിരിക്കും. എന്നല്ലാതെ അതിന്റെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യാനാകില്ല. അതിനുള്ള വേദി മറ്റൊരിടമായിരിക്കും. ഇവിടം നിങ്ങളെപോലെ ഞാനുമൊരു വെറും കാഴ്ചക്കാരന്‍. ഒരു ചലചിത്രം കാണുന്നത് പോലെ ഇന്നെലെകളെ കാണുന്ന വെറും ഒരു കാണി. അതിന്റെ സം‌വിധായകന്‍ തന്റെ പണി പൂര്‍ത്തിയാക്കി പ്രേക്ഷകനു വിട്ടുകൊടുത്തു കഴിഞ്ഞു, ഇനി ആ സീന്‍ ഇതുപോലായിരുന്നില്ല വേണ്ടിയിരുന്നത് എന്നു പറയുന്നതില്‍ എന്തര്‍ത്ഥം.

ബൈബിള്‍ ചരിത്രകാരന് ഒരു മതഗ്രന്ഥമല്ല, ഒരു നല്ല ചരിത്ര സ്രോതസ്സാണ്. ബൈബിളില്‍ നിന്നു ചരിത്രം തേടിയവരും ചരിത്രത്തില്‍ ബൈബിളിനെ തേടിയവരുമുണ്ട്. സോളമന്‍ രാജാവിന്റെ നിധിതേടി ജീവന്‍ ത്യജിച്ച ആര്‍ക്കിയോളജിസ്റ്റുകള്‍ വരെയുണ്ട്. Raiders of the Lost Ark എന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സിനിമ 1982 ലെ അഞ്ചു അക്കാദമി അവാര്‍ഡുകളാണു വാരിക്കൂട്ടിയത്. മോശയുടെ പത്തുകല്പനാശിലകങ്ങള്‍ തേടിയുള്ള ഒരു കഥകൂടിയാണത്. ഇങ്ങിനെയുള്ള യാത്രകളും ഖനനങ്ങളും പലപ്പോഴും മറ്റുചില അറിവുകള്‍ക്ക് കാരണമായി. ചരിത്രത്തിനു പല കാര്യങ്ങളും സമ്മാനിച്ച് അവ മുതല്‍കൂട്ടുകളായി.

ഇസ്രായേലെന്ന രാഷ്ട്ര സങ്കല്പം മുതല്‍ തുടങ്ങേണ്ടിവരുന്നു മധ്യേഷ്യയിലെ പ്രശനത്തിന്റെ ചരിത്ര പശ്ചാത്തലം. അതാണു ഞാന്‍ വിശ്വാസവും ചരിത്രവും ഇഴചേരുന്നു എന്നു പറഞ്ഞത്.

ജൂതരെയും ക്രൈസ്തവരെയും സമ്പന്ധിച്ചിടത്തോളം പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ മോശ എഴുതിയതാണ്. അതിനാല്‍ തന്നെ അതിലെ ഓരോ വാക്കിനും മോശയുടെ അംഗീകാരമുണ്ട്. അതിലെ ചരിത്ര വീക്ഷണമെന്തു തന്നെയായിരുന്നാലും ഒരു വിശ്വാസിക്ക് അത് ബാധകമല്ല.അതിലെ തെറ്റും ശരിയും അവന്റെ വിശ്വാസത്തെ ഇളക്കാനോ മാറ്റാനോ പര്യാപ്തമാകില്ല. അങ്ങിനെ വിശ്വസിക്കുന്ന വലിയൊരു സമൂഹത്തെ അതിലെ വാഗ്ദാനങ്ങള്‍ ഉദ്ദീപിപ്പിക്കും. അത് മനസ്സിലാക്കാന്‍ കഴിയാതെ വരിക വിഡ്ഡിത്തമാണ്.

അതിനാല്‍ തന്നെ ബൈബിളിലെ യഹോവ അബ്രഹാമിനു നല്‍കുന്ന വാഗ്ദാനമായ 4.നിന്റെ ഉദരത്തില്‍നിന്നുപുറപ്പെടുന്നവന്‍ തന്നേ നിന്റെ അവകാശിയാകും. എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി. 5.പിന്നെ അവന്‍ അവനെ പുറത്തു കൊണ്ടുചെന്നുനീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. 6.അവന്‍ യഹോവയില്‍ വിശ്വസിച്ചു; അതു അവന്‍ അവന്നു നീതിയായി കണക്കിട്ടു. 7.പിന്നെ അവനോടുഈ ദേശത്തെ നിനക്കു അവകാശമായി തരുവാന്‍ കല്‍ദയപട്ടണമായ ഊരില്‍നിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാന്‍ ആകുന്നു എന്നു അരുളിച്ചെയ്തു. (Gen:15) എന്ന ഭാഗം കേവലം ഒരു കഥയായിക്കാണാന്‍ കഴിയില്ല. അത് ദൈവം നല്‍കിയ വാഗ്ദാനമാണ്. കൂടാതെ എന്ന് നിങ്ങളുടെ കായ്യില്‍ ഈ ഭൂമി കിട്ടും എന്നു വരെ അബ്രഹാമിനോട് ദൈവം പ്രവചിച്ചിട്ടുണ്ട്.

13. അപ്പോള്‍ അവന്‍ അബ്രാമിനോടുനിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്‍ക. 14. എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്റെ ശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും. 15. നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും. 16. നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്‍യ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു. (Gen:15)

ഇവയെല്ലാം മോശയെഴുതി എന്നത് ഒരു വിശ്വാസിക്ക് ചരിത്രത്തിന്റെ ഭാഗമാണ്, അവിശ്വാസിക്കോ മോശക്കു ശേഷം ചരിത്രത്തിന്റെ ഭാഗങ്ങളെടുത്തെഴുതിയ ഒരു കഥയും. രണ്ടു രീതിയിലായാലും അബ്രഹാമിന് ശേഷം നാലു നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ അബ്രഹാമിന്റെ ഉദരത്തില്‍ നിന്നുയര്‍ത്തെഴുന്നേറ്റ ഒരു തലമുറ ആ ദേശത്തിന്നധിപരായി എന്നത് ചരിത്രവും. അത് നാലാമത്തതായാലും അല്ലെങ്കിലും. അബ്രഹാമെന്ന വ്യക്തിപോലും ചില അവിശ്വാസികള്‍ അംഗീകരിക്കണമെന്നില്ല. ആ അവിശ്വാസത്തെയും ഇവിടെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഇവിടെ ഞാനൊരു ചരിത്ര വിദ്യാര്‍ത്ഥി മാത്രമാണ്.

അബ്രഹാമിനു ശേഷം നാനൂറ് കൊല്ലക്കാലത്തിനു ശേഷം രൂപം കൊള്ളുന്ന രാഷ്ട്രമേത്? ആരില്‍ നിന്നു? ദൈവം വാഗ്ദാന ചെയ്ത ഭൂമിയിലൂടെ നമുക്ക് സഞ്ചരിക്കാം-