Thursday, May 20, 2010

നൈല്‍ നദീതീരത്ത് വിളഞ്ഞ ദൈവങ്ങള്‍


ചരിത്ര സ്രോതസ്സുകളുടെ ആധിക്യം ഇത്രമാത്രം എന്നെ ബുദ്ധിമുട്ടിച്ച ഒരു വായന ഈജിപ്തിയോളജിയിലല്ലാതെ ഇല്ല. അത്രമാത്രം ചിത്രങ്ങളും വിവരണങ്ങളും എന്നെ പൊതിഞ്ഞിരിക്കുന്നു. പുരാതന ഈജിപ്തിലെ ദേവീ ദേവന്മാരെ കുറിച്ചുള്ള ഒരു പിഡി-എഫ് ഫയല്‍ തന്നെ ഇരുനൂറ്റിയമ്പത്തിയേഴു പേജ്- പകുതിയോളം ചിതങ്ങള്‍ സഹിതം. തുറക്കുന്ന സൈറ്റുകളില്‍ വിവരണങ്ങളുടെ പ്രവാഹം. എന്റെ വിഷയമാകട്ടെ ഈജിപ്തിയോളജി അല്ല താനും. ഇസ്രായേല്‍ ചരിത്രവുമായി ബന്ധപ്പെട്ട  സമൂഹങ്ങളെ കുറിച്ചുള്ള ഒരു ധാരണയാണു ഈ സമൂഹങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ ഈ ഭാഗങ്ങളെ ഒരെത്തിനോട്ടം എന്ന രീതിയില്‍ മാത്രം കാണുക. ഈ പോസ്റ്റില്‍ ഞാന്‍ ഈജിപ്തിലെ മതങ്ങളെയും ദൈവങ്ങളെയുമാണു പരിചയപ്പെടുത്തുന്നത്.

ഈജിപ്തില്‍ ഏകദൈവവിശ്വാസം എന്നാണു രൂപപ്പെട്ടത്, ചരിത്രകാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അമേരിക്കന്‍ ഈജിപ്ത്യോളജിസ്റ്റ് ആയ James Henry Breasted, ജര്‍മന്‍ പുരാവസ്തു ഗവേഷകന്‍ Hermann Junker തുടങ്ങിയവരെപോലെയുള്ള ചിലര്‍ അഭിപ്രായപ്പെടുന്നത് ഈജിപ്ത് ഏകദൈവവിശ്വാസത്തില്‍ നിന്നും പിന്നീട് ബഹുദൈവാരാധനയിലേക്ക് പോകുകയായിരുന്നു എന്നാണു. മാത്രമല്ല നിച്ചെര്‍ (netcher), എന്ന പൊതു ദൈവ പദം ജ്ഞാനം അഥവാ ബ്രഹ്മം എന്ന അര്‍ത്ഥവുമുള്‍കൊള്ളുന്നു. പക്ഷെ ഏകദൈവ വിശ്വാസത്തിനു പല്പ്പോഴും ചരിത്രശേഷിപ്പുകള്‍ കുറവായിരിക്കും. പതിനെട്ടാം രാജകുടുമ്പത്തിലെ ഫരോവ അക്കെനാട്ടെന്‍ ബഹുദൈവാരാധനകള്‍ ഇല്ലാതാക്കുകയും അറ്റന്‍ എന്ന ഏകദൈവത്തില്‍ മാത്രം വിശ്വസിക്കുകയും ചെയ്തിരുന്നു.
കൂടാതെ വ്യത്യസ്ത സ്വതന്ത്ര ദൈവങ്ങള്‍ എന്നതിലുപരി പലദൈവങ്ങള്‍ കൂടിയ ഒരു ദൈവം എന്ന ദൈവ സങ്കല്പവും ഈജിപ്തിലുണ്ടായിരുന്നു എന്നതിനു തെളിവുകളുണ്ട്.

ഈജിപ്തിലെ ദൈവങ്ങളധികവും പ്രകൃതിവസ്തുക്കളാണു, ഫറോവയടക്കം. എന്നാല്‍ അഭൗതിക വസ്തുക്കളിലും അവര്‍ വിശ്വസിച്ചിരുന്നു എന്നതിന്ന് ചില തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
BCE 13 നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ലീഡന്‍ ചുരുളുകളില്‍ (ഇന്നത് ഡച്ച് മ്യൂസിയത്തിലുണ്ട്) ദൈവത്തെ വര്‍ണ്ണിക്കുന്നതിങ്ങനെ-
അവനെല്ലാ ദേവന്മാരില്‍ നിന്നും പരോക്ഷന്‍ ,പ്രകേതമാകട്ടെ അറിവില്ലാത്തതും
ആകാശങ്ങളേക്കാളത്യുന്നതന്‍, ആഴിയേക്കാള്‍ അഗാതവും.

ഏകദൈവ വിശ്വാസത്തെ കുറിച്ച് ഇങ്ങിനെയുള്ള ചില ചുരുളുകളില്‍ നിന്നേ കണ്ടെത്താനാകൂ എന്നതാണു ഏത് കാലം മുതലാണു ഏകദൈവവിശ്വാസം രൂപപ്പെട്ടത് എന്നതിനെ പഠിക്കാന്‍ കഴിയാത്തതിന്റെ പ്രധാന തടസ്സമായി പുരാതന ഗവേഷകര്‍ മനസ്സിലാക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഈജിപ്ത് അറിയപ്പെടുന്നത് അതിന്റെ ബഹുദൈവബാഹുല്യം കൊണ്ടാണു. എന്തിനെയെല്ലാം അവര്‍ ആരാധിച്ചിരുന്നു എന്നതിനേക്കാള്‍ എളുപ്പം എന്തിനെ അവര്‍ ആരാധിച്ചിട്ടില്ല എന്നു പറയുകയായിരിക്കും.
ആയിരത്തിയഞ്ഞൂറോളം ദേവീ ദേവന്മാരുടെ പേരുകളും ചിത്രങ്ങളുമുള്ള ഈജിപ്ത് ദൈവങ്ങളില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും മിശ്രജീവികളുമെല്ലാമുണ്ട്.
ഏതാണു ഈജിപ്തിലെ ഏറ്റവും വലിയ ദൈവം ഉത്തരം ഒറ്റവാക്കിലൊതുങ്ങില്ല. കാരണം കൃസ്താബ്ദം നാലായിരത്തഞ്ഞൂറു വര്‍ഷങ്ങളില്‍ മാറിമറഞ്ഞവര്‍ നിരവധി- എങ്കിലും സൂര്യനെ നമുക്ക് മുന്നില്‍ പ്രതിഷ്ഠിക്കാം സൂര്യനില്‍(Atum) നിന്നും വായുവും(Shu) നീരാവിയും(Tefnut)-വായുവില്‍ നിന്നു ഭൂമി(Geb), നീരാവിയില്‍ നിന്നു ആകാശം(Nut). ഇങ്ങിനെ പോകുന്ന ഒരു ദേവ-ശൃംഖലയുണ്ട്.

റെ എന്ന ദൈവവും സൂര്യദൈവമാണു. തലയില്‍ ഒരു സൂര്യന്റെ അടയാളമാണു ഇതിന്റെ ചിത്രങ്ങളിലുള്ളത്, പല കാലങ്ങളിലും റെ- എന്നതിനോട് ചേര്‍ത്ത് പല പേരുകളിലും ഇതിനെ ആരാധിച്ചു പോന്നു.

ഈജിപ്തിലെ ദൈവങ്ങളുടെ ഒരു പ്രത്യേകത അത് വളരെ വിശദീകരിക്കപ്പെട്ടതാണെന്നാണു, ചിത്രാക്ഷരങ്ങള്‍ അഥവാ hieroglyphs ഓരോന്നിനെയും വേര്‍തിരിച്ചിരിക്കുന്നു, അവയുടെ കാലഘട്ടമെല്ലാം ഇങ്ങിനെ വേര്‍ത്തിരിക്കപ്പെട്ടിരിക്കുന്നു.

എങ്കിലും ദൈവങ്ങളുടെ അധികാരമെന്ത് എന്നതില്‍ പലപ്പോഴും ഇവ കുഴക്കുന്നുണ്ട്. എങ്കിലും സൂര്യദേവനാണു കൂടുതല്‍ കാലം ഏറ്റവും കരുത്തനായി ആരാധിക്കപെട്ടിരുന്നത്.

മാത്രമല്ല, ഫറോവമാര്‍ ദൈവങ്ങളോ ദൈവ പ്രതിനിധികലോ ആയിരുന്നു. മിക്ക ചുവര്‍ ചിത്രങ്ങളിലും ദൈവവും രാജാക്കന്മാരും കൂടെയിരിക്കുന്നതായും ഭക്ഷണം കഴിക്കുന്നതുമായെല്ലാം കാണാം. രാജാവിനെ അനുസരിക്കുക എന്നത് ദൈവത്തെ അനുസരിക്കുന്നതിന്നു സമമാക്കുവാന്‍ ഇതുകൊണ്ട് കഴിഞ്ഞു. ജീവിച്ച രാജാക്കന്മാര്‍ മാത്രമല്ല മരിച്ച രാജാക്കന്മാരും ആരാധിക്കപ്പെട്ടിരുന്നു.

ഈജിപ്ത് ആദ്യം ക്രൈസ്തവ റോമും പിന്നീട് ഇസ്ലാമും കീഴടക്കുന്നത് വരെ ഇവരെല്ലാം ദൈവങ്ങളായി നിലനിന്നു. റോമക്കാരാണു ഭരണപരമായി ഈ ദേവാലയങ്ങളെല്ലാം അടച്ചു പൂട്ടിച്ചത്.
പ്രമുഖ ദൈവങ്ങള്‍ക്കു പുറമെ പല പ്രേതാത്മാക്കളെയും ഈജിപ്തുകാര്‍ ആരാധിച്ചിരുന്നു. മിശ്രരൂപത്തിലുള്ള ചിത്രങ്ങള്‍ ഇവയിലുള്‍പ്പെടുന്നവയാണു.
ഏകദേശം BC 3000 ത്തോടെയാണു അമ്പലങ്ങളിലെ ആരാധനാ സമ്പ്രദായം തുടങ്ങിയതെന്നു കരുതുന്നു. സ്വാഭാവികമായും അമ്പലങ്ങളോടനുബന്ധിച്ച് ഒരു സമൂഹവും ആചാരങ്ങളും രൂപപ്പെട്ടു. അമ്പല ചുമരുകള്‍ ചിത്രാലംകൃതമായിരുന്നു. പിന്നീട് ഉത്സവങ്ങളും രൂപപ്പെട്ടു.
ഈജിപ്തിലെ വിവിധകാലങ്ങളില്‍ വിവിധ ദൈവങ്ങളായിരുന്നതിനാല്‍ തന്നെയും ഒരേ ദൈവത്തിനു വൈവിധ്യമാര്‍ന്ന രൂപങ്ങളുള്ളതിനാലും പല ചിത്രങ്ങളിലും ഇവ കാണപ്പെടും. ചില ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍ കൊടുക്കുന്നതാണു.
ഈജിപ്ത് ദൈവങ്ങളിലെ ഏറ്റവും പഴക്കം ചെന്നതാനു ഹോറസ്- ഫാല്‍ക്കന്‍ അഥവാ ഹൊറു എന്ന പദത്തില്‍ നിന്നാണു ഹോറസ്- ഈജിപ്തിലെ രാജക്കന്മാരുടെ പേരുകള്‍ അഞ്ചു നാമങ്ങള്‍ ഉള്‍കൊള്ളുന്നതാണ്, അതിലെ ആദ്യത്തെത് ഹോറസിന്റെതായിരിക്കും. വിവിധയിനം ഹൊറസുകളുടെ ചിത്രങ്ങളുണ്ട്.4000 BC പഴക്കമുള്ള ഒരു വിഗ്രഹം-
ബെര്‍ലിനിലെ ഈജിപ്ത്യന്‍
മ്യൂസിയത്തില്‍ നിന്നും
ചില ദൈവങ്ങളാകട്ടെ ഒന്നായി ഒരിക്കലുമുണ്ടാകില്ല. രണ്ട്, മൂന്ന്, അഞ്ച്, ആറ് തുടങ്ങിയ ഒരേ രൂപവും പിന്നെ കൂട്ടായുമെല്ലാം മാത്രം പ്രത്യക്ഷമാവുന്ന ചിത്രങ്ങളുണ്ട്. സമയവും ദൈവങ്ങലില്‍ പെടുന്നു, മണിക്കൂറുകള്‍, രാത്രി എല്ലാം ആരാധനാ ബിമ്പങ്ങളായി ഈജിപ്തില്‍. പന്ത്രണ്ട് മണിക്കൂറിനെയും ഓരോ ദൈവത്തെ ഏല്പ്പിച്ചു കളഞ്ഞു ഈജിപ്തുകാര്‍. ഇത് പക്ലിലെ പന്ത്രണ്ടും രാത്രിയെ മറ്റൊരു ദൈവവും എന്ന നിലയിലായിരുന്നു. മനുഷ്യരൂപമുള്ള ദൈവങ്ങള്‍-ദേവനും ദേവികളും, സസ്തനികള്‍, മൃഗങ്ങള്‍,ഉരഗങ്ങള്‍, മിശ്രരൂപമുള്ളവ തുടങ്ങി പല രൂപത്തിലുള്ള ദൈവങ്ങളെ കൊണ്ടും ആകെ നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രമാണ് ദൈവങ്ങളെ തൊട്ടാല്‍ പുരാതന്‍ ഈജിപ്ത് നമുക്ക് തരിക. അവയില്‍ ചിലവയെ നമുക്ക് അടുത്ത് പോസ്റ്റില്‍ പരിചയപ്പെടാം

6 comments:

 1. ഈ ചരിത്രാന്വേഷണ യാത്രയില്‍ ഒപ്പമുണ്ട്. ഇടപെടാന്‍ പറ്റാത്ത വിധം വിജ്ഞാനസമ്പുഷ്ടമായ പോസ്റ്റ്. മുന്‍ പോസ്റ്റുകളെ അപേക്ഷിച്ച് മികച്ചു നില്‍ക്കുന്നു ഇത്.

  ReplyDelete
 2. :)

  വിജ്ഞാനം നൽകുന്ന പോസ്റ്റിനു നന്ദി...

  ReplyDelete
 3. ഈജിപ്തിലെ ദൈവ സങ്കല്പ്പത്തെ കുറിച്ചുള്ള ഒരു ചെറുശകലം പരിചയപ്പെടുത്തിയതില്‍ താങ്കളോടുള്ള നന്ദി അറിയിച്ച് കൊള്ളുന്നു. അടുത്ത പോസ്റ്റിനായി കാത്തു കൊള്‍കുന്നു.

  ReplyDelete
 4. ശരിക്കും വിജ്ഞാനപ്രദം തന്നെ സുഹൃത്തേ.. ഈ വഴി ഇനിയും വരാം.. ആധികാരികമായൊന്നും പറയാനില്ലാത്തതിനാൽ മറ്റൊന്നും പറഞ്ഞ് മടുപ്പിക്കുന്നില്ല. .

  ReplyDelete
 5. അറിവ് പകരാനുള്ള ഈയുദ്ദ്യമം അഭിനന്ദനാര്‍ഹം..

  ReplyDelete

വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.