Tuesday, May 4, 2010

വാഗ്ദത്ത ഭൂമിയുടെ വേരുകള്‍ തേടി

കേരള ചരിത്രത്തിലെ ചില ഭാഗങ്ങളെഴുതിയപ്പോള്‍ തന്നെ ഇങ്ങിനെ ഒരു ബ്ലോഗിനെ കുറിച്ച് ആലോചിച്ചിരുന്നു. പക്ഷെ, കൂടുതല്‍ എഴുതുവാനാവശ്യമായ സ്രോതസ്സുകളുടെ അഭാവമാണു പിന്നീടേക്ക് മാറ്റി വച്ചത്, അപ്പോള്‍ പുതിയ മതതാരതമ്യ പഠനം എത്തിച്ച്ത് ആശയസംഘട്ടനങ്ങളില്‍ നിന്നു മാറി രക്തചൊരിച്ചിലിലേക്കെത്തിയ കുരിശുയുദ്ധത്തിന്റെ കാലങ്ങളിലേക്ക്. സംഭവങ്ങള്‍ ഒന്നും പെട്ടെന്നുണ്ടാകുന്നതല്ല, തുടര്‍ച്ചകളാണു. അതിനാല്‍ കുരിശുയുദ്ധത്തിന്റെയും തുടര്‍ച്ചകളിലേക്ക് ചികയേണ്ടി വന്നു, അപ്പോഴെല്ലാം വായന് ആരൊടെങ്കിലും പങ്കുവക്കാന്‍ പുതിയ അറിവുകളുമായി പിറകെ വരുന്നു, എന്റെ കയ്യിലുള്ളത് നല്‍കിയാലെ പുതിയവ എനിക്കും കിട്ടൂ. അതിനാല്‍ കാലമാവശ്യപ്പെടുന്ന ഒരു വായന തന്നെയാകട്ടെ എന്നു കരുതി.

വര്‍ത്തമാനം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതും ഉറ്റുനോക്കുന്നതുമായ പശ്ചിമേഷ്യന്‍ പ്രശനം തന്നെ ചരിത്രത്തിന്റെ കണ്ണിലൂടെ നോക്കാനാണു ഞാന്‍ ശ്രമിക്കുന്നത്. അതില്‍ ഉള്‍പെട്ട വിശ്വാസങ്ങളും കടന്നു വരും. അപ്പോഴെല്ലാം ഒരു കാഴ്ച്ചക്കാരന്റെ ഭാഗം മാത്രമാണ് ഞാന്‍ സ്വീകരിക്കുക. കാരണം മതത്തെ ഒഴിവാക്കി പലസ്തീന്‍ ഇസ്രായേല്‍ പ്രശ്നം ചര്‍ച്ച ചെയ്യുക അസാധ്യമാകും. മതം ഈ പ്രശനത്തില്‍ അത്ര സ്വാധീനം ചെലുത്തുന്നു എന്നതുതന്നെ കാരണം.

ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ചില പോസ്റ്റുകള്‍ മാത്രമിറക്കി അനുകൂലമായും പ്രതികൂലമായും ചില കമെന്റുകളിടുന്നതിനേക്കാള്‍ അതിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നത് നല്ലതായിരിക്കും. ചരിത്രത്തിന്റെ ദൗത്യവുമതു തന്നെ. അറിയുക എന്നത് മാത്രം.

ശാസ്ത്രമെത്ര വളര്‍ന്നു എന്നവകാശപ്പെട്ടാലും, ഏറ്റവും സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന അമേരിക്കയിലെ ഭരണകര്‍ത്താക്കളില്‍ പോലും ഒരു വലിയ വിഭാഗം ഇന്നും മിഡില്‍ ഈസ്റ്റില്‍ നിന്നാണു അടുത്ത ലോകയുദ്ധത്തിന്റെ ആരംഭമെന്നു പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ തന്നെ അടിത്തറ ചില പ്രവചനങ്ങളും. അപ്പോള്‍ ചരിത്രത്തെ നിയന്ത്രിക്കുന്ന ചില വിശ്വാസങ്ങള്‍ ചര്‍ച്ചയില്‍ വരുന്നത് ആരുടെ വിശ്വാസമാണു ശരി, തെറ്റ് എന്ന് പറയാനല്ല. മറിച്ച് ചരിത്രത്തെ സ്വാധീനിച്ച വിശ്വാസമെന്ത് എന്ന് ചൂണ്ടീക്കാണിക്കാന്‍ മാത്രമായിരിക്കും.

നിലവിലെ പശ്ചിമേഷ്യന്‍ പ്രശ്നം പലരും ധരിക്കുന്നത് പോലെ 1948 ലെ ഇസ്രായേല്‍ രാഷ്ട്രപ്രഖ്യാപനത്തോടെ തുടങ്ങുന്ന ഒന്നാണെങ്കിലും ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സങ്കല്പവുമായി ചുറ്റിക്കിടക്കുന്ന ഒരഴിയാകുരുക്കുണ്ട്. ആ സങ്കല്‍‌പമാകട്ടെ തികച്ചും മതപരവും.

കേവലം ബൈബിളില്‍ മാത്രമല്ല ഈ പ്രശ്നമുള്ളത്, ബൈബിളിലും തോറയിലും ഹദീസുകളിലും ഇസ്രായേല്‍ പ്രശ്നമുണ്ട്. അപ്പോള്‍ ചരിത്രത്തോടൊപ്പം വിശ്വാസങ്ങളെയും പരിചയപ്പെടുത്തേണ്ടിവരും. എങ്കിലേ നമുക്ക് ആ സംഭവങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയൂ എന്നതിനാലാണത്. ഒരു വലിയ സമൂഹത്തെ നിയന്ത്രിക്കുന്ന വിശ്വാസം, അത് തെറ്റാവട്ടെ ശരിയാകട്ടെ ചരിത്രത്തില്‍ പലപ്പോഴും അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിച്ച ചാലകങ്ങളാണു. അവ മാറ്റിനിര്‍‌ത്തി ചരിത്രത്തെ അടര്‍ത്തിയെടുത്താല്‍ ഒരിഷ്ടിക ബാക്കിയായി നില്‍ക്കുക തന്നെ ചെയ്യും.

പലസ്തീന്‍ ഇസ്രായേല്‍ പ്രശനം ചരിത്രത്തിന്റെ മാത്രം കാര്യമല്ല. ബൈബിളനുസരിച്ചും ഹദീസുകളനുസരിച്ചും ലോകാവസാനത്തിന്റെ കൂടി കഥയാണു. ചരിത്രവും വര്‍ത്തമാനവും ഭൂതവും ചേര്‍ന്ന ഒരു കാര്യം തന്നെ ഒരു ചരിത്രകാഴ്ച്ചക്ക് തിരഞ്ഞെടുക്കുമ്പോള്‍ അത് ചിലപ്പോള്‍ നമ്മുടെ ഭൂതക്കണ്ണാടിയുമായേക്കാം. ഭൂതത്തിലേക്കുള്ള കണ്ണാടി. എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിക്ക് അതില്‍ പ്രത്യേക താത്പര്യമുണ്ടാകേണ്ടെതില്ല എങ്കിലും.
പലസ്തീന്‍ ആരുടെ അരികില്‍ തെറ്റ്, ശരി എന്നതല്ല ഈ പോസ്റ്റുകളില്‍ നിന്നു പ്രതീക്ഷിക്കേണ്ടത്. അത് നിങ്ങളുടെ സൗകര്യം. പക്ഷെ എന്തു നടന്നു എന്നു പറയുക മാത്രമാണു ഇവിടെ ഞാന്‍ ചെയ്യുകയുള്ളൂ. അതിന്റെ കാരണങ്ങള്‍ എനീക്ക് കിട്ടിയ സ്രോതസ്സുകളില്‍ നിന്നും നോക്കി കാണുക മാത്രം ചെയ്യും. അത് നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കില്‍ അതെന്റെ കുറ്റമല്ല. എല്ലാം ശുഭകാര്യങ്ങളായിരുന്നു എന്ന് ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് പറയുക വയ്യല്ലോ?

അതേപോലെ വിശ്വാസങ്ങളും മതഗ്രന്ഥങ്ങളും ഇവിടെ ഉപയോഗിക്കുക ഒരു സംഭവത്തെ ചരിത്രപരമായി അതെങ്ങിനെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കാനായിരിക്കും. എന്നല്ലാതെ അതിന്റെ ശരിതെറ്റുകള്‍ ചര്‍ച്ച ചെയ്യാനാകില്ല. അതിനുള്ള വേദി മറ്റൊരിടമായിരിക്കും. ഇവിടം നിങ്ങളെപോലെ ഞാനുമൊരു വെറും കാഴ്ചക്കാരന്‍. ഒരു ചലചിത്രം കാണുന്നത് പോലെ ഇന്നെലെകളെ കാണുന്ന വെറും ഒരു കാണി. അതിന്റെ സം‌വിധായകന്‍ തന്റെ പണി പൂര്‍ത്തിയാക്കി പ്രേക്ഷകനു വിട്ടുകൊടുത്തു കഴിഞ്ഞു, ഇനി ആ സീന്‍ ഇതുപോലായിരുന്നില്ല വേണ്ടിയിരുന്നത് എന്നു പറയുന്നതില്‍ എന്തര്‍ത്ഥം.

ബൈബിള്‍ ചരിത്രകാരന് ഒരു മതഗ്രന്ഥമല്ല, ഒരു നല്ല ചരിത്ര സ്രോതസ്സാണ്. ബൈബിളില്‍ നിന്നു ചരിത്രം തേടിയവരും ചരിത്രത്തില്‍ ബൈബിളിനെ തേടിയവരുമുണ്ട്. സോളമന്‍ രാജാവിന്റെ നിധിതേടി ജീവന്‍ ത്യജിച്ച ആര്‍ക്കിയോളജിസ്റ്റുകള്‍ വരെയുണ്ട്. Raiders of the Lost Ark എന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സിനിമ 1982 ലെ അഞ്ചു അക്കാദമി അവാര്‍ഡുകളാണു വാരിക്കൂട്ടിയത്. മോശയുടെ പത്തുകല്പനാശിലകങ്ങള്‍ തേടിയുള്ള ഒരു കഥകൂടിയാണത്. ഇങ്ങിനെയുള്ള യാത്രകളും ഖനനങ്ങളും പലപ്പോഴും മറ്റുചില അറിവുകള്‍ക്ക് കാരണമായി. ചരിത്രത്തിനു പല കാര്യങ്ങളും സമ്മാനിച്ച് അവ മുതല്‍കൂട്ടുകളായി.

ഇസ്രായേലെന്ന രാഷ്ട്ര സങ്കല്പം മുതല്‍ തുടങ്ങേണ്ടിവരുന്നു മധ്യേഷ്യയിലെ പ്രശനത്തിന്റെ ചരിത്ര പശ്ചാത്തലം. അതാണു ഞാന്‍ വിശ്വാസവും ചരിത്രവും ഇഴചേരുന്നു എന്നു പറഞ്ഞത്.

ജൂതരെയും ക്രൈസ്തവരെയും സമ്പന്ധിച്ചിടത്തോളം പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ മോശ എഴുതിയതാണ്. അതിനാല്‍ തന്നെ അതിലെ ഓരോ വാക്കിനും മോശയുടെ അംഗീകാരമുണ്ട്. അതിലെ ചരിത്ര വീക്ഷണമെന്തു തന്നെയായിരുന്നാലും ഒരു വിശ്വാസിക്ക് അത് ബാധകമല്ല.അതിലെ തെറ്റും ശരിയും അവന്റെ വിശ്വാസത്തെ ഇളക്കാനോ മാറ്റാനോ പര്യാപ്തമാകില്ല. അങ്ങിനെ വിശ്വസിക്കുന്ന വലിയൊരു സമൂഹത്തെ അതിലെ വാഗ്ദാനങ്ങള്‍ ഉദ്ദീപിപ്പിക്കും. അത് മനസ്സിലാക്കാന്‍ കഴിയാതെ വരിക വിഡ്ഡിത്തമാണ്.

അതിനാല്‍ തന്നെ ബൈബിളിലെ യഹോവ അബ്രഹാമിനു നല്‍കുന്ന വാഗ്ദാനമായ 4.നിന്റെ ഉദരത്തില്‍നിന്നുപുറപ്പെടുന്നവന്‍ തന്നേ നിന്റെ അവകാശിയാകും. എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി. 5.പിന്നെ അവന്‍ അവനെ പുറത്തു കൊണ്ടുചെന്നുനീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. 6.അവന്‍ യഹോവയില്‍ വിശ്വസിച്ചു; അതു അവന്‍ അവന്നു നീതിയായി കണക്കിട്ടു. 7.പിന്നെ അവനോടുഈ ദേശത്തെ നിനക്കു അവകാശമായി തരുവാന്‍ കല്‍ദയപട്ടണമായ ഊരില്‍നിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാന്‍ ആകുന്നു എന്നു അരുളിച്ചെയ്തു. (Gen:15) എന്ന ഭാഗം കേവലം ഒരു കഥയായിക്കാണാന്‍ കഴിയില്ല. അത് ദൈവം നല്‍കിയ വാഗ്ദാനമാണ്. കൂടാതെ എന്ന് നിങ്ങളുടെ കായ്യില്‍ ഈ ഭൂമി കിട്ടും എന്നു വരെ അബ്രഹാമിനോട് ദൈവം പ്രവചിച്ചിട്ടുണ്ട്.

13. അപ്പോള്‍ അവന്‍ അബ്രാമിനോടുനിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്‍ക. 14. എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്റെ ശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും. 15. നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും. 16. നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്‍യ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു. (Gen:15)

ഇവയെല്ലാം മോശയെഴുതി എന്നത് ഒരു വിശ്വാസിക്ക് ചരിത്രത്തിന്റെ ഭാഗമാണ്, അവിശ്വാസിക്കോ മോശക്കു ശേഷം ചരിത്രത്തിന്റെ ഭാഗങ്ങളെടുത്തെഴുതിയ ഒരു കഥയും. രണ്ടു രീതിയിലായാലും അബ്രഹാമിന് ശേഷം നാലു നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ അബ്രഹാമിന്റെ ഉദരത്തില്‍ നിന്നുയര്‍ത്തെഴുന്നേറ്റ ഒരു തലമുറ ആ ദേശത്തിന്നധിപരായി എന്നത് ചരിത്രവും. അത് നാലാമത്തതായാലും അല്ലെങ്കിലും. അബ്രഹാമെന്ന വ്യക്തിപോലും ചില അവിശ്വാസികള്‍ അംഗീകരിക്കണമെന്നില്ല. ആ അവിശ്വാസത്തെയും ഇവിടെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഇവിടെ ഞാനൊരു ചരിത്ര വിദ്യാര്‍ത്ഥി മാത്രമാണ്.

അബ്രഹാമിനു ശേഷം നാനൂറ് കൊല്ലക്കാലത്തിനു ശേഷം രൂപം കൊള്ളുന്ന രാഷ്ട്രമേത്? ആരില്‍ നിന്നു? ദൈവം വാഗ്ദാന ചെയ്ത ഭൂമിയിലൂടെ നമുക്ക് സഞ്ചരിക്കാം-

5 comments:

  1. നല്ല ഉദ്യമം. നമുക്ക് നടന്നു നീങ്ങാം.

    ReplyDelete
  2. നേരിന്റെ നേർക്കുമാത്രം നീളുന്ന കണ്ണുകളുമായി ചരിത്രത്തിന്റെ ഇടനാഴിയിലൂടെ കാട്ടിപ്പരുത്തി സഞ്ചരിക്കുന്നത് കാണാൻ കൌതുകപൂർവ്വം കാ‍ത്തിരിക്കുന്നു.

    ReplyDelete
  3. മുന്നോട്ടു പോകട്ടെ..

    ആശംസകള്‍..!

    ReplyDelete

വിഷയത്തിലൊതുങ്ങിയ കമെന്റുകള്‍ മാത്രം ദയവു ചെയ്ത് നടത്തുക.